Tuesday, May 14, 2013

പി. പത്മരാജൻ

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നുപി. പത്മരാജൻ (മേയ് 23, 1945 – ജനുവരി 24, 1991).ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം(1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.



1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു.
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.


കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ് എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.

കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട്വാടകയ്ക്കൊരു ഹൃദയംഇതാ ഇവിടെ വരെശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു.പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1990കളുടെ അവസാനകാലത്ത് ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഒരുപാട് ദുഃശ്ശകുനങ്ങൾ കണ്ടതായി പത്മരാജന്റെ പത്നി രാധാലക്ഷ്മി ഓർമ്മിക്കുന്നു. ഹിന്ദു വിശ്വാസപ്രകാരം ദേവലോകത്തെ ഗായകരാണ് ഗന്ധർവ്വൻമാർ , അവിടുത്തെ ശിക്ഷാവിധിയുടെ ഭാഗമായി അവർക്ക് ഭൂമിയിൽ ജനിക്കേണ്ടിവരുന്നു. ആ സമയത്ത് ഒരു കന്യകയെ പ്രാപിക്കാൻ അവന് അവസരം കൊടുക്കുന്നു. ഈ കഥയാണ് പത്മരാജൻ ഞാൻ ഗന്ധർവ്വനിൽ പറഞ്ഞത്. ഇതിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ. ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം പത്മരാജൻ ഈ സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നു. ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജനു് മുംബൈക്കു പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത് നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി. പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ അസുഖവും പിടിപെട്ടു. ഇത്തരം ചില കാര്യങ്ങൾ പത്മരാജന്റെ ഭാര്യ , രാധാലക്ഷ്മി അദ്ദേഹത്തിനെക്കുറിച്ചെഴുതിയ പത്മരാജൻ എന്റെ ഗന്ധർവ്വൻ , ഓർമ്മകളിൽ തൂവാനമായി പത്മരാജൻ എന്ന പുസ്തകങ്ങളിൽ ഓർമ്മിക്കുന്നുണ്ട്.

No comments:

Post a Comment