Friday, May 24, 2013

കാമ്പിശ്ശേരി കരുണാകരൻ

പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ(31 മാർച്ച് 1922 – 27 ജൂലൈ 1977). ദീർഘകാലം ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും മുഖ്യ പത്രാധിപരായിരുന്നു. മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.

കൊച്ചിക്കോ ചന്നാരുടെ മകനായി വള്ളികുന്നത്തു ജനിച്ചു. മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി എഴുതി പാസ്സായി. തുടർന്ന് യുവകേരളം പത്രാധിപസമിതി അംഗമായി. 'തിരുവനന്തപുരം സിറ്റി എഡിറ്ററായും പ്രവർത്തിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചു. 1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.1953 മുതൽ 1977 വരെ ജനയുഗം പത്രാധിപരായിരുന്നു. പട്ടംതാണുപിള്ള, ആർ. ശങ്കർ, കെ.എ. ദാമോദരമേനോൻ തുടങ്ങിയവർക്കെതിരെ അഴിമതിയാരോപണങ്ങൾ കാമ്പിശ്ശേരി പുറത്തുകൊണ്ടു വന്നു.സെക്രട്ടറിയേറ്റിലെ രഹസ്യരേഖകൾ കൈവശപ്പെടുത്തി അതിന്റെ ഫോട്ടോസ്റ്റാറ്റുകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കാമ്പിശ്ശേരി പല 'സ്‌കൂപ്പു'കളും പുറത്തുകൊണ്ടുവന്നത്.
ആക്ഷേപഹാസ്യത്തിൽ കാമ്പിശ്ശേരി തുടങ്ങിവച്ച പംക്തിയാണ് കൽക്കി. കേരളത്തിലെ ദിനപത്രങ്ങളിൽ ആദ്യം 'ബോക്‌സ് കാർട്ടൂൺ' പ്രസിദ്ധപ്പെടുത്തിയത് 'ജനയുഗ' ത്തിലൂടെ കാമ്പിശ്ശേരിയാണ് 'കിട്ടുമ്മാവൻ' എന്ന ബോക്സ് കാർട്ടൂണിന് ആരാധകരേറെയുണ്ടായിരുന്നു. ആദ്യത്തെ വനിതാ പംക്തി, ഡോക്ടറോടു ചോദിക്കാം, ബാലപംക്തി, നാടകപംക്തി, സിനിമാ പംക്തി, തുടങ്ങി ഇന്നു പത്ര മാധ്യമങ്ങളിൽ കാണുന്ന മിക്ക പംക്തികളുടെയും തുടക്കകാരൻ കാമ്പിശ്ശേരിയാണ്. ജനയുഗം ദിനപത്രം, ജനയുഗം വാരിക, ബാലയുഗം, സിനിരമ, നോവൽപ്പതിപ്പ് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പരമു പിള്ളയെ അവതരിപ്പിച്ചിരുന്നത് കാമ്പിശ്ശേരിയായിരുന്നു.

No comments:

Post a Comment