Showing posts with label ക്ഷേത്രങ്ങള്‍. Show all posts
Showing posts with label ക്ഷേത്രങ്ങള്‍. Show all posts

Sunday, May 26, 2013

ചെട്ടികുളങ്ങര കുംഭഭരണി

ഭക്തിയും വിശ്വാസവും പാട്ടും നൃത്തവും കൃഷിയും സാഹിത്യവും രുചിയുമെല്ലാം ഒത്തുചേരുന്ന ഉത്സവം. ലോകത്തൊരിടത്തും കാണാത്ത വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആഘോഷം. അതില്‍ നാടിനും നാട്ടാര്‍ക്കും ഒരേപോലെ പ്രാതിനിധ്യം. ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിയാണ് ഇത്തരം സവിശേഷതകളാല്‍ നിറയുന്നത്.
സാഹിത്യഭംഗി നിറഞ്ഞ പാട്ടുകളാണ് കുത്തിയോട്ടത്തിന്റേത്. ഓണാട്ടുകരയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക താളത്തില്‍ കുത്തിയോട്ടപ്പാട്ടുകള്‍ പാടി പൊലിപ്പിക്കാന്‍ കഴിവുള്ള നൂറുകണക്കിന് ഗായകരാണ് ഓണാട്ടുകരയിലുള്ളത്. കുത്തിയോട്ടം കഴിയുമ്പോള്‍ പാട്ട് മാറ്റിവെച്ച് അവര്‍ സ്വന്തം ജോലിക്കിറങ്ങും. കളമെഴുതാനും കുത്തിയോട്ടക്കളരിയില്‍ ദേവിക്കായി ശ്രീകോവിലൊരുക്കാനായും നൂറുകണക്കിന് കലാകാരന്മാര്‍ ജോലി ചെയ്യും. ഉത്സവകാലത്തിനായി മാത്രം ശില്‍പ്പികളാകുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ചെട്ടികുളങ്ങര കരകളില്‍ കുത്തിയോട്ടച്ചുവട് പഠിപ്പിക്കുന്ന കളരികള്‍ ഒട്ടേറെയാണ്. പഠനത്തിന്റെ ഇടനേരങ്ങളില്‍ ഇവിടെ പഠിക്കുന്ന കുട്ടികളാണ് കുത്തിയോട്ടം വഴിപാട് നടത്തുന്നിടത്ത് ചുവട് വെയ്ക്കുന്നത്.

കെട്ടുകാഴ്ചകളുടെ ഒരുക്കത്തിന് തച്ചുശാസ്ത്ര വിദഗ്ദ്ധരെക്കാള്‍ കൈ തഴക്കമുള്ള കരക്കാരുണ്ട്. അവരുടെ മനക്കണക്കില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തേരും കുതിരയും നാട്ടുവഴികളിലെ കുണ്ടും കുഴിയും താണ്ടി, അമ്പലനടയിലെത്തും. തടി ചക്രത്തിന് മീതെ, ആടിയുലഞ്ഞ് വരുന്ന കെട്ടുകാഴ്ചകളുടെ കരുത്ത് കരക്കാരുടെ കൂട്ടായ്മയാണ്. ജാതിമത ഭേദമില്ലാതെ കരക്കാര്‍ തോളോടുതോള്‍ ചേര്‍ന്ന് കെട്ടുകാഴ്ചകള്‍ തള്ളി നീക്കുമ്പോള്‍ അവര്‍ക്കിടയിലെ ഭിന്നതകളെല്ലാം അലിഞ്ഞുപോകും.

കൃഷി ജീവിതമായി കാണുന്ന ഓണാട്ടുകരയിലെ ഉത്സവത്തിന് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഭരണിച്ചന്തയിലൂടെ മനസ്സിലാക്കാം. ചേമ്പും കാച്ചിലും ഉള്‍പ്പെടെയുള്ള നടീല്‍ വിഭവങ്ങളും കലപ്പയും കപ്പിയും കയറുമെല്ലാം ഇവിടെ കിട്ടുമായിരുന്നു.
കൊഞ്ചും മാങ്ങയും ഓണാട്ടുകരയുടെ രുചിക്കൂട്ടില്‍ ഒന്നാമത് നില്‍ക്കുന്നതാണ്. കുംഭഭരണിയുമായി കൂട്ടിയിണക്കിയതിനാല്‍ ഈ വിഭവത്തിന് ഭക്തിയുടെ രുചി കൂടിയുണ്ട്.
എല്ലാറ്റിനും മീതെ ഭക്തിയുടെ സ്വര്‍ണ്ണനൂലുകളാല്‍ ബന്ധിപ്പിക്കുന്ന സാന്നിധ്യമായി ഭക്തമനസുകളില്‍ ചെട്ടികുളങ്ങര ഭഗവതിയും കുടികൊള്ളുന്നു. എല്ലാം കൂടിച്ചേരുമ്പോള്‍, സമാനതകളില്ലാത്ത ഉത്സവമായി ചെട്ടികുളങ്ങര കുംഭഭരണി.

Friday, May 24, 2013

വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം


കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്.


പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്. 


വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.

വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.

മണ്ണാറശാല

ഹരിപ്പാട്‌:ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന ഭൂമിയാണ്‌ മണ്ണാറശാല. ഭാരതത്തിലെ പ്രസിദ്ധമായ നാഗരാധനാ കേന്ദ്രം.
കേരളത്തില്‍ അതിപുരാതനകാലം മുതല്‍ തന്നെ നാഗാരാധന, വൃക്ഷപൂജ തുടങ്ങിയവ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. സര്‍പ്പാരാധനയിലൂടെ ജീവിത പുരോഗതിയും ഐശ്വര്യവും നേടാനാകുമെന്ന്‌ മലയാളികള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരുമായി സര്‍പ്പങ്ങളെ കാവില്‍ ആരാധിച്ചിരുന്ന രീതിക്ക്‌ ബുദ്ധമതത്തേക്കാളും ബ്രാഹ്‌മണരുടെ കുടിയേറ്റത്തേക്കാളും പഴക്കമുളളതായി പറയുന്നു. സര്‍പ്പക്കാവുകള്‍ ഏറെയുണ്ടെങ്കിലും നാഗാരാധന കേന്ദ്രങ്ങള്‍ കുറവാണ്‌. ഉളളവയില്‍ പ്രമുഖസ്‌ഥാനം മണ്ണാറശാലയ്‌ക്കുണ്ട്‌. കേരളോല്‍പത്തി കഥയുമായി ബന്ധപ്പെട്ടാണ്‌ ഇവിടുത്തെ ഐതീഹ്യം. കേരളോല്‍പത്തിക്ക്‌ ശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്‌മണരെ ഇവിടെ കൊണ്ടുവന്ന്‌ പാര്‍പ്പിച്ചു. ഇവിടെ മുഴുവന്‍ സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും വെളളം ഉപ്പുരസം ആയതിനാലും മനുഷ്യവാസം സാധ്യമായിരുന്നില്ല. അതിനാല്‍ ബ്രാഹ്‌മണര്‍ സ്വദേശങ്ങളിലേക്ക്‌ മടങ്ങിപ്പോയി. പരിഹാരാര്‍ഥം പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ചു.

സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന ശിവന്റെ വാക്കുകള്‍ ശിരസാവഹിച്ച്‌ പരശുരാമന്‍ തപസ്‌ ചെയ്‌ത് വാസുകിയെ പ്രത്യക്ഷപ്പെടുത്തി. വാസുകിയുടെ നിര്‍ദേശാനുസരണം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പുനീക്കി.സര്‍പ്പങ്ങളെ മനുഷ്യര്‍ക്ക്‌ ഉപദ്രവം ഉണ്ടാകാത്ത തരത്തില്‍ കാവുകള്‍ ഉണ്ടാക്കി അവിടെ പാര്‍പ്പിക്കാന്‍ വാസുകി പരശുരാമനോട്‌ നിര്‍ദേശിച്ചു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും നാടിനും ജനങ്ങള്‍ക്കും ഐശ്വര്യം ഉണ്ടാകുമെന്നും വാസുകി അരുളിചെയ്‌തു. വീണ്ടും ഇവിടെ ബ്രാഹ്‌മണാധിവാസമുണ്ടായി. വാസുകി പ്രത്യക്ഷമായ സ്‌ഥലത്ത്‌ പരശുരാമന്‍ മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്‌ഠിച്ചു. പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട സ്‌ഥാനമാണ്‌ മണ്ണാറശാല.നാഗരാജാവിനേയും പരിവാരങ്ങളെയും ആരാധിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി വസിഷ്‌ഠ ഗോത്രത്തില്‍പെടുന്ന ഒരു ബ്രാഹ്‌മണനെ പരശുരാമന്‍ ചുമതലപ്പെടുത്തി. ബ്രാഹ്‌മണനും കുടുംബവും സര്‍പ്പ സ്‌ഥാനത്തിന്‌ സമീപം ഗൃഹംവച്ച്‌ താമസം തുടങ്ങി. ഇതാണ്‌ പിന്നീട്‌ മണ്ണാറശാല ഇല്ലം എന്ന പേരില്‍ പ്രസിദ്ധമായത്‌.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.


കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങൾ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധൻ എന്നാണ് ഇപ്പോൾ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപ്പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞതാണ് ശ്രീകോവിൽ. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചുവളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

പടനായർകുളങ്ങര മഹാദേവക്ഷേത്രം.


കരുനാഗപ്പള്ളി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് പടനായർകുളങ്ങര മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം കരുനാഗപ്പള്ളി ടൗണിൽ ദേശീയപാതയോരത്ത് ശാസ്താംകോട്ട റോഡിനഭിമുഖമായി നിലകൊള്ളുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന പാഞ്ഞാർകുളമാണ് ഈ ശിവക്ഷേത്രം

കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവക്ഷേത്രത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും പറയപ്പെടുന്നുണ്ട്. അതിൽ പ്രമുഖമായത് ഇങ്ങനെയാണ്; ശ്രീപരമശിവനും, ശ്രീകൃഷ്ണ പരമാത്മാവും ഒരിക്കൽ വഴിപോക്കരായി ഇതുവഴി കടന്നുപോകുകയുണ്ടായി. അവർ നടന്നു തളർന്ന് പണ്ട് കാടു പിടിച്ചുകിടന്ന ഈ കരുനാഗപ്പള്ളിയിലെത്തി. ശ്രീപരമശിവനു കുടിയിരിക്കാൻ പറ്റിയ സ്ഥലം കണ്ടുപിടിക്കാൻ ശ്രീകൃഷ്ണനെ പറഞ്ഞയച്ചുവത്രേ. ഭഗവാൻ കൃഷ്ണൻ സ്ഥലം കണ്ടുപിടിച്ചുവെങ്കിലും സ്ഥല സൗന്ദര്യത്താൽ അവിടെ സ്വയം പ്രതിഷ്ഠിച്ചു. ശ്രീമഹാദേവൻ വളരെ നേരം കാത്തിരുന്ന ശേഷം തിരക്കിയിറങ്ങിയപ്പോഴാണ് സ്ഥലം കണ്ടുപിടിക്കാൻ പറഞ്ഞയച്ച വിരുതൻ സ്വയം പ്രതിഷ്ഠിതനായത് അറിഞ്ഞത്. പിന്നെ അദ്ദേഹവും ഒട്ടും വൈകിയില്ല. തൊട്ടടുത്ത് ശ്രീകൃഷ്ണനൊപ്പം സ്ഥാനമുറപ്പിച്ചു. ശ്രീപരമശിവ പ്രതിഷ്ഠയെ കൂടാതെ ശ്രീകൃഷ്ണപ്രതിഷ്ഠയും ഒരേ നാലമ്പലത്തിനുള്ളിൽ തന്നെ വരാനുള്ള കാരണം ഇതാണ്.

ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു. 9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.

Thursday, May 23, 2013

കണ്ടിയൂർ മഹാദേവക്ഷേത്രം


ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. ഓടനാട് രാജാക്കന്മാരുടെ കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയേറിയ മഹാ ശിവക്ഷേത്രമാണിത്. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ  ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കണ്ടിയൂരപ്പൻ എന്നപേരിൽ അറിയപ്പെടുന്നു. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.


നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.
രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം. പിന്നീട് അവിടെ വിഷ്ണുവിന്റെ ഏഴാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.

ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ചേര രാജാക്കന്മാരാലാണെന്ന് അനുമാനിക്കാൻ ചരിത്രതാളുകൾ വഴികാട്ടുന്നുണ്ട്.  മുൻപ് ബുദ്ധമത ആരാധനാകേന്ദ്രമായിരുന്നുവത്രെ കണ്ടിയൂർ ക്ഷേത്രം. അന്ന് അവിടെയുണ്ടായിരുന്ന ബുദ്ധപ്രതിഷ്ഠയാണ് മാവേലിക്കര നഗരത്തിൽ ബുദ്ധജംഗ്ഷനിൽ ഇന്നു കാണുന്ന ബുദ്ധപ്രതിമ. കേരള ചരിത്രത്തിനു മുതൽക്കൂട്ടായ പല ശിലാശാസനങ്ങളും രേഖകളും ലഭിച്ച മഹാക്ഷേത്രം കൂടിയാണിത്.  ഈ ക്ഷേത്രാങ്കണത്തിൽ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചിരുന്ന ഒരു ശിലാശാസനം പിന്നീട് അക്ഷരങ്ങൾ കൂടുതൽ മാഞ്ഞുപോകാതിരിക്കുവാനായി ക്ഷേത്ര ചുമരിൽ ഉറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം.
ഓടനാട് കായംകുളത്തോട് ചേരുന്നതിനും മുൻപ് വേറെ നാട്ടുരാജ്യമായി പരിലസിക്കുകയായിരുന്നുപിന്നീട് വീര ഉദയവർമ്മൻ കായംകുളത്തോടും അതിനുശേഷം അനിഴം തിരുനാൾ തിരുവിതാംകൂറിനോടും യോജിപ്പിച്ചു. അന്ന് കായംകുളം രാജാവ് തന്റെ ഉടവാൾ കണ്ടിയൂർ ക്ഷേത്രത്തിൽ ദേവന്റെ നടയിൽ സമർപ്പിച്ച് പടിഞ്ഞാറേ നടവഴി പുറത്തേക്ക് ഓടി. അതിനുശേഷം പിന്നീട് ഇന്നുവരെ ക്ഷേത്രത്തിലെ പടിഞ്ഞാറേ നാലമ്പല നട തുറന്നിട്ടില്ല.

ക്ഷേത്ര മതിലകത്തിന്റേയും, ക്ഷേത്ര സമുച്ചയത്തിന്റേയും വലിപ്പത്തിൽ കേരളത്തിലെ പുകൾപെറ്റ ക്ഷേത്രങ്ങളുടെ പട്ടികയിൽ പെടുന്നതാണീക്ഷേത്രം. രണ്ടാം ചേരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാജശേഖര വർമ്മൻ ഇവിടെ ക്ഷേത്രം പുനരുദ്ധീകരിച്ചുവെന്നാണ് ചരിത്രം. 1218ലെ കണ്ടിയൂർ ശാസനത്തിൽ രവികേരളവർമ്മയേയും (1215-1240)അദ്ദേഹത്തിന്റെ ഭാര്യ ഉണ്ണിയച്ചിയേയും പറ്റിപറയുന്നതല്ലാതെ ഓടനാട്ടുരാജാവായ കോതവർമ്മ വേണാട്ടുരാജാവിന്റെ നിർദ്ദേശപ്രകാരം കണ്ടിയൂർ ക്ഷേത്രം പുതുക്കിപ്പണിയുന്നതായും പറയുന്നു. മാവേലിക്കര നഗരത്തിൽ ഹരിപ്പാട് റോഡിലായി ഏഴര ഏക്കർ വിസ്താരമേറിയ മതിൽക്കകത്തായി ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാ പ്രതിഷ്ഠാദേവാലങ്ങൾ ഉള്ള ചുരുക്കം ചിലമഹാക്ഷേത്രങ്ങളിൽ ഒന്നാണിത്.

ഇരുനിലയിൽ തീർത്ത മഹാസൗധമാണ് ഇവിടുത്തെ ശ്രീകോവിൽ. രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ശ്രീകോവിലിന്റെ താഴത്തെ നില വർത്തുളാകൃതിയിലും, മുകളിലത്തേത് ചതുരാകൃതിയിലും നിർമ്മിച്ചിരിക്കുന്നു. കിഴക്കോട്ട് ദർശനം നൽകി കിരാതമൂർത്തിയായി ശ്രീപരമേശ്വരൻ ഇവിടെ മഹാശിവലിംഗ രൂപത്തിൽ ദർശനം നൽകുന്നു. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു. ക്ഷേത്രത്തിൽ പലയിടങ്ങളിലും ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിലും വട്ടെഴുത്തിൽ ധാരാളം ശാസങ്ങൾ കാണാൻ കഴിയും.

പ്രധാന പ്രതിഷ്ഠയായ കണ്ടിയൂരപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മൂന്നു സന്ധ്യക്കും മൂന്നുഭാവങ്ങളോടെ ശിവപെരുമാൾ ഇവിടെ ഭക്തർക്ക് ദർശനം നൽകുന്നത്. രാവിലെ ദക്ഷിണാമൂർത്തിയായി വിദ്യാപ്രദായകനായും, ഉച്ചയ്ക്ക് ഉമാമഹേശ്വരനായി ദാമ്പത്യസുഖപ്രദായകനായും വൈകുന്നേരം കിരാതമൂർത്തിയായി സർവ്വ സംഹാരമൂർത്തിയായും ഇവിടെ ദർശനം നൽകിയമരുന്നു ഇവിടെ. കേരളത്തിലെ ആദ്യ തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനല്ലൂറ് (ഇരിങ്ങാലക്കുട ഗ്രാമം) കുടും ബമാണ് ഇവിടെ തന്ത്രം നിർവഹിക്കുന്നത്. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം നടക്കുന്നു,

Thursday, May 9, 2013

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കരത്താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെട്ടികുളങ്ങര ശ്രീ ഭഗവതീ ക്ഷേത്രം അഥവാ ശ്രീദേവി ക്ഷേത്രം.തിരുവിതാംകൂർ ദേവസ്വം കണക്കുകൾ അനുസരിച്ച് ദേവസ്വത്തിന് ശബരിമല കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ഈ ക്ഷേത്രത്തിൽ നിന്നാണ്[1]. ഇവിടുത്തെ പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്.ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങരയിലാണ്. ചെട്ടികുളങ്ങര ഉള്പ്പെടുന്ന മാവേലിക്കര താലൂക്ക്, കാർത്തികപ്പള്ളി താലൂക്ക് എന്നിവ ഉൾപ്പെടുന്ന പ്രദേശം പൊതുവെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെടുന്നു.അതുകൊണ്ട് ചെട്ടികുളങ്ങര അമ്മയെ ഓണാട്ടുകരയുടെ പരദേവത എന്നും വിളിക്കുന്നു.മാവേലിക്കരയ്ക്കു പടിഞ്ഞാറായി 5 കി.മീ. മാറിയും കായംകുളത്തിനു വടക്കായി 6 കി.മീ മാറിയും ക്ഷേത്രം സ്ഥിതി ചെയ്യുന്നു.


പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യ നേരത്ത് ശ്രീ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നു സങ്കല്പം. അതു കൊണ്ട് മൂന്ന് നേരവും മൂന്നു രീതിയിലുള്ള പൂജകൾ ഇവിടുത്തെ പ്രത്യേകതയാണ്[2]. കുംഭഭരണി നാളുകളിൽ സ്ഥലവാസികൽ കൊഞ്ചുമാങ്ങ എന്ന വിഭവം ഉണ്ടാക്കുന്നു. ഇത് വീട്ടിലെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്തതായി കണക്കാക്കപ്പെടുന്നു.

13 കരകൾ ഉൾപ്പെട്ടതാണു ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്) എന്നിവ ക്ഷത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് എന്നിവയാണ്.
ചരിത്രം
ഈ ക്ഷേത്രം ശ്രീ ആദിശങ്കരന്റെ ശിഷ്യനായ പദ്മപാദ ആചാര്യരാൽ സമര്പ്പിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതനുസരിച്ച് ക്രി.വ. 843 മകരമാസത്തിലെ ഉത്രട്ടാതി നാളിലാണു ക്ഷേത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്[2]. ഈ പറഞ്ഞത് ഒരുവിഭാഗം ചരിത്രകാരന്മാരുടെ അഭിപ്രായം ആണ്. ഇന്നത്തെ നിലയിലുള്ള ക്ഷേത്രം കാലാകാലങ്ങളായി പല മാറ്റങ്ങൾക്കും വിധേയമായതാണ്.
ഐതിഹ്യം
ചെട്ടികുളങ്ങര ദേവി കൊടുങ്ങല്ലൂർ ഭഗവതിയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് ഈരേഴ(തെക്ക്) കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം ദേവി അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ദേവീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, ഒരു കടത്തുകാരൻ അവരെ ഇക്കരെ കടത്തുകയും ചെയ്തു. ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി [2]. ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നംവയ്പ്പിക്കുകയും ദേവീസാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് അവിടെ ക്ഷേത്രം പണികഴിപ്പിച്ചു

ഉത്സവങ്ങൾ
ഇവിടത്തെ ഏറ്റവും പ്രശസ്തമായ ഉത്സവം കുംഭ ഭരണി ആണ്. (കുംഭമാസത്തിലെ ഭരണി ദിവസം നടക്കുന്ന ഉത്സവം). എല്ലാ വർഷവും ഫെബ്രുവരി - മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചാന്താട്ടം വഴിപാടായി നടത്തുന്നു. 2010 വരെ ദിവസം 9 ആൾക്കാർ വീതം ഈ വഴിപാട് മുൻ‌കൂർ ഉറപ്പിച്ചു കഴിഞ്ഞു.



കുത്തിയോട്ടം

ഭക്തജനങ്ങൾ നടത്തുന്ന കുത്തിയോട്ടം ആണ് ഈ ഉത്സവത്തിലെ പ്രധാന വഴിപാട്. കുത്തിയോട്ടം എന്ന അനുഷ്ഠാന കല ചെട്ടികുളങ്ങരയുടെ പ്രാന്തപ്രദേശങ്ങളിൽ നിലവിലുള്ള ഒന്നാണ്. ഈ പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം ​വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു.[അവലംബം ആവശ്യമാണ്] കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം. ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്.

ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച്‌ അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച്‌ കയ്യിൽ പഴുക്കാപ്പാക്ക്‌ തറച്ച കത്തി പിടിപ്പിക്കും. പിന്നീട്‌ കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ കോർക്കും. ഇതാണ്‌ ചൂരൽ മുറിയൽ
വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ്‌ ബാലന്മാരെ ക്ഷേത്രത്തിലേക്ക്‌ കൊണ്ടുവരുന്നത്‌. ലോഹനൂൽ ഊരിയെടുത്ത്‌ ദേവിക്ക്‌ സമർപ്പിക്കുന്നതോടെ കുത്തിയോട്ടം വഴിപാട്‌ അവസാനിക്കും.
കെട്ടുകാഴ്ച
ഈ ക്ഷേത്രത്തിൽ നടത്തിവരുന്ന നൂറ്റണ്ടുകളുടെ പാരമ്പര്യമുള്ള ഒരു ഉൽസവമാണ്‌ കെട്ടുകാഴ്ച

ഉത്സവ ദിവസം ഉച്ചകഴിഞ്ഞ് കെട്ടുകാഴ്ച ഉത്സവം നടക്കുന്നു. ക്ഷേത്രത്തിനു ചുറ്റും ഉള്ള 13 കരകളുടെ പങ്കാളിത്തത്തോടെ ആണ് കെട്ടുകഴ്ച നടക്കുന്നത്. ഭീമാകാരമായ അലങ്കരിച്ച എടുപ്പുകുതിരകളും രഥങ്ങളും ഭീമൻ, പാഞ്ചാലി, ഹനുമാൻ തുടങ്ങിയ ഇതിഹാസ കഥാപാത്രങ്ങളുടെ രൂപങ്ങളും ഘോഷയാത്രയായി ക്ഷേത്രത്തിനു കിഴക്കുവശത്തായി ഉള്ള വയലിൽ എത്തിക്കുന്നു. രാത്രി സമയത്ത് ദേവിയുടെ രൂപം ഘോഷയാത്രയായി വയലിൽ ഉള്ള ഓരോ രൂപങ്ങളെയും സന്ദർശിച്ച് ദേവി 13 കരകളിലും പ്രസാദിച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നു. ഈ രൂപങ്ങൾ പിന്നീട് ഓരോ കരകളുടെയും കാവുകളിലേക്ക് കൊണ്ടുപോവുന്നു. കെട്ടുകാഴ്ച എഴുന്നള്ളത്ത് ഓരോ കരയുടെയും ക്രമം അനുസരിച്ച് വയലിൽ ഇറക്കുകയാണു ചെയ്യുക. ഇതിൽ ഒന്നാമത്തെ കര ഈരേഴ(തെക്ക്) കരയാണ്. കെട്ടുകാഴ്ചയുടെ ഭാഗമായ കുതിര എന്ന രൂപത്തിനു 'കുതിര' എന്ന ജീവിയുമായി താരതമ്യം ചെയ്യുവാനുള്ള ഒരു രൂപമല്ല ഉള്ളത്. അതിനു അംബരചുംബിയായ ഗോപുരം പൊലെയുള്ള ഒരു രൂപമാണുള്ളത്. ഭീമൻ,പാഞ്ചാലി,ഹനുമാൻ എന്നീ രൂപങ്ങൾ ദാരുശില്പങ്ങളാണ്. ഈ ദാരുശില്പങ്ങൾ ഒരുക്കിയെടുക്കുവാനുള്ള പരമ്പരാഗതമായ അവകാശം ഒരു ആശാരിക്കുടുംബത്തിനു സ്വന്തമാണ്. ഓരോ കരയുടെയും കുതിരയുടെ മധ്യഭാഗത്തായി പ്രഭട എന്നു പറയുന്ന ദാരുരൂപം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ കുതിരയ്ക്കും മുകളിൽ ഏഴ് താഴെ ആറ് എന്ന കണക്കിൽ 13 എടുപ്പുകൾ കാണാം.കുതിരയ്ക്ക് 125 അടിയിലധികം പൊക്കം ഉണ്ടാകും.
നാലുചക്രങ്ങളിൽ ഉറപ്പിക്കുന്ന അടിച്ചട്ടത്തിന്റെ മുകളിലാണ് ഓരോതട്ടുകളും പണിതുറപ്പിക്കുക. സമചതുരാകൃതിയിൽ ഒരേ വലിപ്പത്തിൽ മേൽക്കൂടാരം വരെ പോകുന്നതാണ് കുതിരയുടെ ഘടന. അടികൂടാരം ഇടക്കൂടാരം മേൽക്കൂടാരം എന്ന മൂന്നു ഭാഗങ്ങൾ കുതിരയ്ക്കുണ്ട്. ഇടക്കൂടാരത്തിനും അടിക്കൂടാരത്തിനും ഇടയിലുള്ള സ്ഥലത്താണ് നെറ്റിപ്പട്ടവും തിടമ്പും ദാരുശില്പങ്ങളും ഒരുക്കുക. പിരമിഡ് ആകൃതിയും നീണ്ട നാമ്പും കൂടിയതാണ് മേൽക്കൂടാരം. അടിത്തട്ടിനുമുകിലോട്ടുള്ള തട്ടുകൾ നിലത്തുവെച്ച് പണിക്കൂറ തീർത്ത് കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി ഒന്നിനുമുകളിലൊന്നായി ചട്ടത്തിൽ ഉറപ്പിക്കുന്നു. വെള്ളത്തുണിയും തൊങ്ങലുകളും വർണ്ണക്കടലാസുകളുമാണ് അലങ്കാരപ്പണിക്ക് ഉപയോഗിക്കുന്നത്.തേരിനെക്കാൾ വർണ്ണവൈവിധ്യം കുതിരയ്ക്കുണ്ടായിരിക്കും.
ചെട്ടികുളങ്ങരയിൽ 5 തേരുകളും 6 കുതിരകളുമാണ് കെട്ടുകാഴ്ചയായി വരുന്നത്. മറ്റംവടക്ക്, തെക്ക് കരക്കാരാണ് ഭീമന്റെയും ഹനുമാന്റെയും രൂപങ്ങൾ കെട്ടുകാഴ്ചകളായി ക്ഷേത്രത്തിലെത്തിക്കുന്നത്. ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ കുംഭഭരണി നാളിൽ സന്ധ്യയോടെ അണിനിരക്കുന്ന തേരും കുതിരയും ഭീമനും ഹനുമാനും ഒരുക്കുന്ന വർണ്ണക്കാഴ്ചയ്ക്കു സമാനമായൊരു ദൃശ്യം ലോകത്തൊരിടത്തുനിന്നും ലഭിക്കുന്നതല്ല. കറുപ്പിലും ചുവപ്പിലും അഗ്നിപ്രഭയിലും അഭിരമിക്കുന്ന, ആണ്ടിലൊരിക്കൽ ചെട്ടിക്കുളങ്ങര ഭഗവതിനടയിൽ അരങ്ങേറുന്ന, ഈ കെട്ടുകാഴ്ചകൾ ചേതോഹരമാണ്. ചെട്ടികുളങ്ങരയിലുള്ള അത്രയും ഉയരമുള്ള കെട്ടുകാഴ്ചകൾ കേരളത്തിൽ മറ്റൊരിടത്തും കാണാനാവുകയില്ല.
കുതിരമൂട്ടിൽ കഞ്ഞി
ഭക്തജനങ്ങൾ നടത്തുന്ന ഒരു നേറ്ച്ചയാണ് കുതിരമൂട്ടിൽ കഞ്ഞി. പരൻപരാഗതമായ രീതിയിൽ തന്നയാണ് ഇന്നും ഈ വഴിപാട് നടത്തുന്നത്. ഭഗവതി ഈ നാട്ടിൽ വന്നപ്പോൾ ആദ്യമായി കഴിച്ച ആഹാരം എന്നൊരു സങ്കല്പവും ഇതിനു പിന്നിൽ കാണാം. ഇലയും,തടയും,പ്ലാവിലയും മറ്റുമാണ് ഇപ്പോഴും ഇതിനുപയോഗിക്കുന്നത്.മുതിരപ്പുഴുക്കും,അസ്ത്രവും,കടുകുമാങ്ങയും ഇതിലെ ഒഴിച്ചു കൂടാനാവത്ത വിഭവങ്ങളാണ്. വഴിപാട് നടത്തുന്ന ആളിന്റെ കഴിവനുസരിച്ച് കഞ്ഞിസദ്യയിലെ വിഭവങ്ങളുടെ എണ്ണവും കൂടും. മധ്യതിരുവിതാംകൂറിന്റെ കാർഷിക സമൃദ്ധിയുടെ പഴയ ഓർമ്മകൾ ഇതുപോലെ ഇവിടുത്തെ പല കാര്യങ്ങളിലും കാണാം.

Monday, May 6, 2013

ഓച്ചിറ പരബ്രഹ്മക്ഷേത്രം


കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.ന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മക്ഷേത്രം. ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ രണ്ട്‌ ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. ഇവിടത്തെ ഉത്സവം വൃശ്ചിക മാസത്തിലാണ് നടത്തുന്നത്.

ഐതിഹ്യം
വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.
പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.


രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം. ചരിത്രപ്രസിദ്ധമായ കായംകുളംവേണാട്‌ യുദ്ധങ്ങളുടെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. ഓച്ചിറബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.
പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം"ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ പരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..


ചരിത്രം


വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവപണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.
ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

എട്ടുകണ്ടം ഉരുളിച്ച

ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.


ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.

ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.

ചലച്ചിത്രങ്ങളിൽ
ആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.