Sunday, May 26, 2013

എസ്. ഗുപ്തൻ നായർ

മലയാള സാഹിത്യത്തിലെ പ്രമുഖവിമർശകനും, പ്രഭാഷകനും, നിഘണ്ടുകാരനും, അദ്ധ്യാപകനും ആയിരുന്നു എസ്. ഗുപ്തൻ നായർ (ഓഗസ്റ്റ് 22 1919 - ഫെബ്രുവരി 7 2006). ദീർഘകാലം കലാശാലാ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം രാഷ്ട്രീയ മേഖലയിലെ അപചയങ്ങൾക്കെതിരെ നില കൊണ്ടു. വിദ്യാലയങ്ങളിലെ രാക്ഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം മുൻ നിർത്തി രൂപീകരിച്ച വിദ്യാഭ്യാസ സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു. 35-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

1919 ഓഗസ്റ്റ് 22-ന് ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ജനിച്ചു[2]. 1941 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു.കാലിക്കറ്റ് സർ‌വ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു[2] ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. 'മലയാളി', ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-ൽ 1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും , 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ഭഗീരഥി മക്കൾ :ലക്ഷ്മി, എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ   6 ഫെബ്രുവരി 2006-നു അന്തരിച്ചു

ഭരണിക്കാവ് ശിവകുമാർ

പ്രമുഖ മലയാള ചലച്ചിത്ര ഗാന രചയിതാവായിരുന്നു ഭരണിക്കാവ് ശിവകുമാർ (1952 - ജനുവരി 2007). ഗാനരചനയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
1952ൽ നാരായണൻ ഉണ്ണിത്താന്റെ മകനായി കറ്റാനത്ത് ജനിച്ച ഇദ്ദേഹം ‘രാമചന്ദ്രവിലാസം’ എന്ന മഹാകാവ്യത്തിന്റെ കർത്താവെന്ന നിലയിൽ പ്രശസ്തനായ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനാണ്. കറ്റാനം പോപ്പ് പയസ്സ് ഹൈസ്കൂളിലെ പഠനം കഴിഞ്ഞ് ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിൽനിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. ചെറുപ്പംതൊട്ട് കവിതകൾ എഴുതിയിരുന്ന ശിവകുമാർ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള ധാരാളംപേരുടെ നാടകങ്ങൾക്ക് പാട്ടെഴുതിയിട്ടുണ്ട്
1973ൽ വിൻസന്റ് മാസ്റ്റർ സംവിധാനംചെയ്ത 'ചെണ്ട' എന്ന ചിത്രത്തിൽ വയലാറിനും ഭാസ്ക്കരൻമാഷിനുമൊപ്പം പാട്ടെഴുതിയാണ് ഭരണിക്കാവ് ശിവകുമാർ സിനിമാരംഗത്തുവന്നത്കായംകുളം എംഎസ്പഎം കോളേജ് അധ്യാപകനായും മലയാളരാജ്യം വാരികയിൽ സബ് എഡിറ്ററായും ഹിന്ദു പത്രത്തിൽ ട്രാൻസിലേറ്ററായും സേവനമനുഷ്ഠിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും പാട്ടുകളെഴുതിയ ശിവകുമാർ നാടകം, തിരക്കഥ, നോവൽ എന്നിവയും എഴുതിയിട്ടുണ്ട്. സിനിമാ നിർമ്മാതാവും സംവിധായകനുമാണ് ഇദ്ദേഹം. 2007 ജനുവരിയിൽ അന്തരിച്ചു.

Friday, May 24, 2013

കാമ്പിശ്ശേരി കരുണാകരൻ

പ്രമുഖ മലയാള പത്രാധിപരും സിനിമാ - നാടക നടനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു കാമ്പിശ്ശേരി കരുണാകരൻ(31 മാർച്ച് 1922 – 27 ജൂലൈ 1977). ദീർഘകാലം ജനയുഗം വാരികയുടെയും പത്രത്തിന്റെയും സിനിരമയുടെയും മുഖ്യ പത്രാധിപരായിരുന്നു. മാനേജിംഗ് എഡിറ്ററായും പ്രവർത്തിച്ചു.

കൊച്ചിക്കോ ചന്നാരുടെ മകനായി വള്ളികുന്നത്തു ജനിച്ചു. മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി എഴുതി പാസ്സായി. തുടർന്ന് യുവകേരളം പത്രാധിപസമിതി അംഗമായി. 'തിരുവനന്തപുരം സിറ്റി എഡിറ്ററായും പ്രവർത്തിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചു. 1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.1953 മുതൽ 1977 വരെ ജനയുഗം പത്രാധിപരായിരുന്നു. പട്ടംതാണുപിള്ള, ആർ. ശങ്കർ, കെ.എ. ദാമോദരമേനോൻ തുടങ്ങിയവർക്കെതിരെ അഴിമതിയാരോപണങ്ങൾ കാമ്പിശ്ശേരി പുറത്തുകൊണ്ടു വന്നു.സെക്രട്ടറിയേറ്റിലെ രഹസ്യരേഖകൾ കൈവശപ്പെടുത്തി അതിന്റെ ഫോട്ടോസ്റ്റാറ്റുകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കാമ്പിശ്ശേരി പല 'സ്‌കൂപ്പു'കളും പുറത്തുകൊണ്ടുവന്നത്.
ആക്ഷേപഹാസ്യത്തിൽ കാമ്പിശ്ശേരി തുടങ്ങിവച്ച പംക്തിയാണ് കൽക്കി. കേരളത്തിലെ ദിനപത്രങ്ങളിൽ ആദ്യം 'ബോക്‌സ് കാർട്ടൂൺ' പ്രസിദ്ധപ്പെടുത്തിയത് 'ജനയുഗ' ത്തിലൂടെ കാമ്പിശ്ശേരിയാണ് 'കിട്ടുമ്മാവൻ' എന്ന ബോക്സ് കാർട്ടൂണിന് ആരാധകരേറെയുണ്ടായിരുന്നു. ആദ്യത്തെ വനിതാ പംക്തി, ഡോക്ടറോടു ചോദിക്കാം, ബാലപംക്തി, നാടകപംക്തി, സിനിമാ പംക്തി, തുടങ്ങി ഇന്നു പത്ര മാധ്യമങ്ങളിൽ കാണുന്ന മിക്ക പംക്തികളുടെയും തുടക്കകാരൻ കാമ്പിശ്ശേരിയാണ്. ജനയുഗം ദിനപത്രം, ജനയുഗം വാരിക, ബാലയുഗം, സിനിരമ, നോവൽപ്പതിപ്പ് തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചു.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പരമു പിള്ളയെ അവതരിപ്പിച്ചിരുന്നത് കാമ്പിശ്ശേരിയായിരുന്നു.

വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം


കേരളത്തിലെ ചിരപുരാതന നാഗരാജ ക്ഷേത്രങ്ങളിലൊന്നാണ് ആദിമൂലം വെട്ടിക്കോട് ശ്രീനാഗരാജ സ്വാമി ക്ഷേത്രം. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്.


പരശുരാമനാണ് വെട്ടിക്കോട്ട് പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ മഴു ഉപയോഗിച്ച് മണ്ണ് വെട്ടിക്കൂട്ടി അതിനു മുകളിലാണ് നാഗരാജ പ്രതിഷ്ഠ നടത്തിയത്. അങ്ങനെ വെട്ടിക്കോട് എന്ന പേര് ലഭിച്ചു എന്നാണ് ഐതിഹ്യം. വിഷ്ണുഭഗവാനൊപ്പമുള്ള സാക്ഷാല്‍ അനന്തനാണ് വെട്ടിക്കോട്ടെ പ്രതിഷ്ഠ. കേരളത്തിലെ ആദ്യ തനതു രൂപത്തിലുള്ള അനന്ത പ്രതിഷ്ഠയാണ് ഇതെന്ന് പുള്ളുവന്‍ പാട്ടില്‍ പറയുന്നു. വൈഷ്ണവര്‍ അനന്തനെയും ശൈവ ഭക്തര്‍ വാസുകിയെയുമാണ് നാഗരാജാവായി കരുതി ആരാധിക്കുന്നത്. 


വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.

വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.

മണ്ണാറശാല

ഹരിപ്പാട്‌:ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന ഭൂമിയാണ്‌ മണ്ണാറശാല. ഭാരതത്തിലെ പ്രസിദ്ധമായ നാഗരാധനാ കേന്ദ്രം.
കേരളത്തില്‍ അതിപുരാതനകാലം മുതല്‍ തന്നെ നാഗാരാധന, വൃക്ഷപൂജ തുടങ്ങിയവ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. സര്‍പ്പാരാധനയിലൂടെ ജീവിത പുരോഗതിയും ഐശ്വര്യവും നേടാനാകുമെന്ന്‌ മലയാളികള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരുമായി സര്‍പ്പങ്ങളെ കാവില്‍ ആരാധിച്ചിരുന്ന രീതിക്ക്‌ ബുദ്ധമതത്തേക്കാളും ബ്രാഹ്‌മണരുടെ കുടിയേറ്റത്തേക്കാളും പഴക്കമുളളതായി പറയുന്നു. സര്‍പ്പക്കാവുകള്‍ ഏറെയുണ്ടെങ്കിലും നാഗാരാധന കേന്ദ്രങ്ങള്‍ കുറവാണ്‌. ഉളളവയില്‍ പ്രമുഖസ്‌ഥാനം മണ്ണാറശാലയ്‌ക്കുണ്ട്‌. കേരളോല്‍പത്തി കഥയുമായി ബന്ധപ്പെട്ടാണ്‌ ഇവിടുത്തെ ഐതീഹ്യം. കേരളോല്‍പത്തിക്ക്‌ ശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്‌മണരെ ഇവിടെ കൊണ്ടുവന്ന്‌ പാര്‍പ്പിച്ചു. ഇവിടെ മുഴുവന്‍ സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും വെളളം ഉപ്പുരസം ആയതിനാലും മനുഷ്യവാസം സാധ്യമായിരുന്നില്ല. അതിനാല്‍ ബ്രാഹ്‌മണര്‍ സ്വദേശങ്ങളിലേക്ക്‌ മടങ്ങിപ്പോയി. പരിഹാരാര്‍ഥം പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ചു.

സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന ശിവന്റെ വാക്കുകള്‍ ശിരസാവഹിച്ച്‌ പരശുരാമന്‍ തപസ്‌ ചെയ്‌ത് വാസുകിയെ പ്രത്യക്ഷപ്പെടുത്തി. വാസുകിയുടെ നിര്‍ദേശാനുസരണം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പുനീക്കി.സര്‍പ്പങ്ങളെ മനുഷ്യര്‍ക്ക്‌ ഉപദ്രവം ഉണ്ടാകാത്ത തരത്തില്‍ കാവുകള്‍ ഉണ്ടാക്കി അവിടെ പാര്‍പ്പിക്കാന്‍ വാസുകി പരശുരാമനോട്‌ നിര്‍ദേശിച്ചു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും നാടിനും ജനങ്ങള്‍ക്കും ഐശ്വര്യം ഉണ്ടാകുമെന്നും വാസുകി അരുളിചെയ്‌തു. വീണ്ടും ഇവിടെ ബ്രാഹ്‌മണാധിവാസമുണ്ടായി. വാസുകി പ്രത്യക്ഷമായ സ്‌ഥലത്ത്‌ പരശുരാമന്‍ മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്‌ഠിച്ചു. പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട സ്‌ഥാനമാണ്‌ മണ്ണാറശാല.നാഗരാജാവിനേയും പരിവാരങ്ങളെയും ആരാധിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി വസിഷ്‌ഠ ഗോത്രത്തില്‍പെടുന്ന ഒരു ബ്രാഹ്‌മണനെ പരശുരാമന്‍ ചുമതലപ്പെടുത്തി. ബ്രാഹ്‌മണനും കുടുംബവും സര്‍പ്പ സ്‌ഥാനത്തിന്‌ സമീപം ഗൃഹംവച്ച്‌ താമസം തുടങ്ങി. ഇതാണ്‌ പിന്നീട്‌ മണ്ണാറശാല ഇല്ലം എന്ന പേരില്‍ പ്രസിദ്ധമായത്‌.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.


കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങൾ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധൻ എന്നാണ് ഇപ്പോൾ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപ്പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞതാണ് ശ്രീകോവിൽ. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചുവളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

മാവേലിക്കര വേലുക്കുട്ടി നായർ

മാവേലിക്കര വേലുക്കുട്ടി നായർ (1925-2012 ജൂലൈ 24) കേരളത്തിലെ പ്രമുഖ മൃദംഗ വിദ്വാനും പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്നു. കർണാടക സംഗീതരംഗത്ത് വൻ ശിഷ്യസമ്പത്തുള്ള ഇദ്ദേഹം നാലു തലമുറകളിലെ സംഗീതജ്ഞാർക്കായി മൃദംഗം വായിച്ച അപൂർവ്വ കലാകാരനാണ്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീത കല ആചാര്യ പുരസ്‌കാരം, ശെമ്മാങ്കുടി ഗോൾഡൻ ജൂബിലി അവാർഡ്, മൃദംഗ കലാശിരോമണി അവാർഡ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം മൃദംഗവിദ്വാൻ പാലക്കാട് മണി അയ്യരുടെ ശിഷ്യനാണ്.
സ്വാതിതിരുനാൾ സംഗീതകോളജ് മൃദംഗം വിഭാഗത്തിലെ ആദ്യ അധ്യാപകനാണ്. ഇദ്ദേഹം തയാറാക്കിയ പാഠ്യപദ്ധതിയാണ് കേരളത്തിലെ എല്ലാ സംഗീത കോളേജുകളിലെയും മൃദംഗ വിഭാഗം ഇന്നും പിന്തുടരുന്നത്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴതെക്ക് നെടുമ്രത്തു വീട്ടിൽ (വേമ്പനാട്ട് കുടുംബം) മൃദംഗ വിദ്വാൻ മുതുകുളം എസ്. കുമാരപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായാണ് വേലുക്കുട്ടി ജനിച്ചത്. ഏഴാം വയസ്സിൽ അചഛനിൽ നിന്നായിരുന്നു മൃദംഗവാദനത്തിന്റെ ആദ്യ പാഠം അഭ്യസിച്ചത്. 11-ആം വയസുമുതൽ ഇദ്ദേഹം കച്ചേരികളിൽ മൃദംഗം വായിച്ചുതുടങ്ങി. 16-ആം വയസ്സിൽ മൃദംഗ ചക്രവർത്തിയായി അറിയപ്പെട്ടിരുന്ന പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 24.7.2012നു കരമന പി.ആർ.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, കെ.ജെ. യേശുദാസ്, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങി പല തലമുറകളിലെ സംഗീതജ്ഞരുടെ കച്ചേരികൾക്ക് വേലുക്കുട്ടി നായരുടെ മൃദംഗം അകമ്പടി സേവിച്ചു. ബാലമുരളീകൃഷ്ണ ആദ്യമായി കേരളത്തിൽ പാടാൻ വന്നപ്പോൾ മൃദംഗം വായിച്ചത് ഇദ്ദേഹമായിരുന്നു. 1959-ൽ, മുപ്പത്തിമൂന്നാം വയസിൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായ ഇദ്ദേഹം ശെമ്മാങ്കുടിയുടെ ആവശ്യപ്രകാരമാണ് മൃദംഗകലയിൽ പാഠ്യപദ്ധതി തയാറാക്കുന്നത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ മുതൽ കെ.ജെ.യേശുദാസ് വരെയുള്ളവരുടെ കച്ചേരികളിൽ ഇദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. നൂറുകണക്കിനു സംഗീത കച്ചേരി അവതരിപ്പിച്ച ഇദ്ദേഹം ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. വായ്പാട്ടിലും വിദഗ്ദനായിരുന്ന വേലുക്കുട്ടി നായർ കച്ചേരികളിൽ പാടിയിട്ടുമുണ്ട്.
തൈക്കാട് സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജ് മൃദംഗ വിഭാഗത്തിലെ ആദ്യ അധ്യാപകനായിരുന്നു അദ്ദേഹം അദ്ദേഹം രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണ് കേരളത്തിലെ സംഗീത കോളജുകളിൽ പിന്തുടരുന്നത്.

വളരെയധികം ശിഷ്യസമ്പത്തുള്ള വ്യക്തിയാണ് വേലുക്കുട്ടി നായർ. തിരുവനന്തപുരം വി സുരേന്ദ്രൻ, പാറശാല രവി, ചങ്ങനാശേരി ഹരികുമാർ, ആലപ്പുഴ ചന്ദ്രശേഖരൻ നായർ, വൈക്കം വേണുഗോപാൽ, എം.ബാലസുബ്രഹ്മണ്യൻ, രാജേഷ് നാഥ്, തിരുവനന്തപുരം വി. രവീന്ദ്രൻസ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.