Wednesday, May 8, 2013

മാവേലിക്കര


മദ്ധ്യതിരുവിതാംകൂറിന്‍റെ ഭാഗത്തായി അച്ചന്‍കോവിലാറിന്‍റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു പുരാതന പട്ടണമാണ് മാവേലിക്കര. മാവേലിക്കരയുടെ ചരിത്രം പഴയ ഓടനാടുമായി ബദ്ധപ്പെട്ടു കിടക്കുന്നു. കടപ്ര മുതല്‍ കന്നേറ്റി വരെ വ്യാപിച്ചു കിടന്ന ഓടനാടിന്‍റെ ആദ്യ തലസ്ഥാനം മറ്റം ആയിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ ദളവയും സര്‍വ്വ സൈന്യാധിപനുമായി രാമയ്യനെ നിയമിതനാക്കുകയും രാമയ്യന്‍ മാവേലിക്കരയില്‍ താമസമാക്കുകയും ചെയ്തു. അരൂര്‍ വരെയുള്ള പ്രദേശങ്ങള്‍ രാമയ്യന്‍ വേണാടിനോട് ലയിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണമാണിവിടെ നടന്നിരുന്നത്. ഹൈദരാലിയും ടിപ്പുവും കേരളത്തില്‍ നടത്തിയ ആക്രമണങ്ങള്‍ കോലത്ത് രാജകുടുംബങ്ങളെ തെക്കന്‍ കേരളത്തിലേക്ക് വരുവാന്‍ നിര്‍ബന്ധിക്കുകയും അങ്ങനെ മാവേലിക്കരയിലെത്തി മാവേലിക്കര രാജകുടുംബം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. മാവേലിക്കര ബുദ്ധമത കേന്ദ്രമായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ശ്രീ. കണ്ടിയൂര്‍ ശ്രീനിവാസന്‍ പിള്ള, എം.വി. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ഖാദി പ്രവര്‍ത്തന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വൈക്കം സത്യാഗ്രഹത്തിനും ഉപ്പു സത്യാഗ്രഹത്തിന് എം. ജി. വേലായുധന്‍ പിള്ള, ശങ്കരപിള്ള, മാധവന്‍ പിള്ള തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

വാണിജ്യ- ഗതാഗത പ്രാധാന്യം
രാജഭരണകാലത്ത് ജലഗതാഗതമാണ് ഏറെയും ആശ്രയിച്ചിരുന്നത്. അച്ചന്‍ കോവിലാറ്റില്‍ നിന്നും കോട്ടതോട് വഴി യാത്രാ വഞ്ചികളും കെട്ട് വള്ളങ്ങളും നഗര ഹൃദയത്തില്‍ വരെ എത്തിച്ചേര്‍ന്നു. 1956ഓടു കൂടി റെയില്‍ ഗതാഗതം ആരംഭിച്ചു. സ്റ്റേറ്റ് ഹൈവേ ഈ പട്ടണം വഴി കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1913ല്‍ മാവേലിക്കര ഠൗണ്‍ ഇംപ്രൂവ്മെന്‍റ് കമ്മിറ്റി നിലവില്‍ വന്നു. 1919ല്‍ റെഗുലേഷന്‍ 5 അനുസരിച്ച് നഗരസഭയായി ഉയര്‍ത്തി. നികുതി ദായകര്‍ക്കുമാത്രം വോട്ടവകാശം നല്കി. ആര്‍ട്ടിസ്റ്റ് രാജരവിവര്‍മ്മയുടെ മകന്‍ രാമവര്‍മ്മരാജ പ്രസിഡന്‍റായി അധികാരമേറ്റു.

No comments:

Post a Comment