Friday, May 24, 2013

മണ്ണാറശാല

ഹരിപ്പാട്‌:ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്ന പുരാതന ഭൂമിയാണ്‌ മണ്ണാറശാല. ഭാരതത്തിലെ പ്രസിദ്ധമായ നാഗരാധനാ കേന്ദ്രം.
കേരളത്തില്‍ അതിപുരാതനകാലം മുതല്‍ തന്നെ നാഗാരാധന, വൃക്ഷപൂജ തുടങ്ങിയവ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്‌. സര്‍പ്പാരാധനയിലൂടെ ജീവിത പുരോഗതിയും ഐശ്വര്യവും നേടാനാകുമെന്ന്‌ മലയാളികള്‍ വിശ്വസിക്കുന്നു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരുമായി സര്‍പ്പങ്ങളെ കാവില്‍ ആരാധിച്ചിരുന്ന രീതിക്ക്‌ ബുദ്ധമതത്തേക്കാളും ബ്രാഹ്‌മണരുടെ കുടിയേറ്റത്തേക്കാളും പഴക്കമുളളതായി പറയുന്നു. സര്‍പ്പക്കാവുകള്‍ ഏറെയുണ്ടെങ്കിലും നാഗാരാധന കേന്ദ്രങ്ങള്‍ കുറവാണ്‌. ഉളളവയില്‍ പ്രമുഖസ്‌ഥാനം മണ്ണാറശാലയ്‌ക്കുണ്ട്‌. കേരളോല്‍പത്തി കഥയുമായി ബന്ധപ്പെട്ടാണ്‌ ഇവിടുത്തെ ഐതീഹ്യം. കേരളോല്‍പത്തിക്ക്‌ ശേഷം പരദേശങ്ങളില്‍നിന്നു ബ്രാഹ്‌മണരെ ഇവിടെ കൊണ്ടുവന്ന്‌ പാര്‍പ്പിച്ചു. ഇവിടെ മുഴുവന്‍ സര്‍പ്പങ്ങള്‍ നിറഞ്ഞിരുന്നതിനാലും വെളളം ഉപ്പുരസം ആയതിനാലും മനുഷ്യവാസം സാധ്യമായിരുന്നില്ല. അതിനാല്‍ ബ്രാഹ്‌മണര്‍ സ്വദേശങ്ങളിലേക്ക്‌ മടങ്ങിപ്പോയി. പരിഹാരാര്‍ഥം പരശുരാമന്‍ ശിവനെ പ്രസാദിപ്പിച്ചു.

സര്‍പ്പരാജാവായ വാസുകിയെ പ്രത്യക്ഷപ്പെടുത്തി അപേക്ഷിച്ചാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന ശിവന്റെ വാക്കുകള്‍ ശിരസാവഹിച്ച്‌ പരശുരാമന്‍ തപസ്‌ ചെയ്‌ത് വാസുകിയെ പ്രത്യക്ഷപ്പെടുത്തി. വാസുകിയുടെ നിര്‍ദേശാനുസരണം സര്‍പ്പങ്ങള്‍ ജലത്തിലെ ഉപ്പുനീക്കി.സര്‍പ്പങ്ങളെ മനുഷ്യര്‍ക്ക്‌ ഉപദ്രവം ഉണ്ടാകാത്ത തരത്തില്‍ കാവുകള്‍ ഉണ്ടാക്കി അവിടെ പാര്‍പ്പിക്കാന്‍ വാസുകി പരശുരാമനോട്‌ നിര്‍ദേശിച്ചു. ഭൂമിയുടെ സംരക്ഷകരും കാവല്‍ക്കാരും എന്ന നിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ സര്‍പ്പശല്യം അവസാനിക്കുമെന്നും നാടിനും ജനങ്ങള്‍ക്കും ഐശ്വര്യം ഉണ്ടാകുമെന്നും വാസുകി അരുളിചെയ്‌തു. വീണ്ടും ഇവിടെ ബ്രാഹ്‌മണാധിവാസമുണ്ടായി. വാസുകി പ്രത്യക്ഷമായ സ്‌ഥലത്ത്‌ പരശുരാമന്‍ മൂര്‍ത്തിത്രയ രൂപിയായ വാസുകിയെ സര്‍പ്പയക്ഷി, നാഗയക്ഷി എന്നീ കളത്രങ്ങളോടും നാഗചാമുണ്ഡി എന്ന സഹോദരിയോടും പരിവാരങ്ങളായ നാഗങ്ങളോടും കൂടി പ്രതിഷ്‌ഠിച്ചു. പരശുരാമനാല്‍ പ്രതിഷ്‌ഠിക്കപ്പെട്ട സ്‌ഥാനമാണ്‌ മണ്ണാറശാല.നാഗരാജാവിനേയും പരിവാരങ്ങളെയും ആരാധിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി വസിഷ്‌ഠ ഗോത്രത്തില്‍പെടുന്ന ഒരു ബ്രാഹ്‌മണനെ പരശുരാമന്‍ ചുമതലപ്പെടുത്തി. ബ്രാഹ്‌മണനും കുടുംബവും സര്‍പ്പ സ്‌ഥാനത്തിന്‌ സമീപം ഗൃഹംവച്ച്‌ താമസം തുടങ്ങി. ഇതാണ്‌ പിന്നീട്‌ മണ്ണാറശാല ഇല്ലം എന്ന പേരില്‍ പ്രസിദ്ധമായത്‌.

No comments:

Post a Comment