Friday, May 24, 2013

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻ ആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.


കിഴക്കോട്ട് ദർശനമായി പിതാവായ ശിവന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യത്തോടെ എട്ടടി പൊക്കമുള്ള ശിലാവിഗ്രഹത്തിലാണ് സുബ്രഹ്മണ്യൻ വാഴുന്നത്. നാലുവശവും ഗോപുരങ്ങളുണ്ട്. കിഴക്കുഭാഗത്ത് സ്വർണക്കൊടിമരവും ബലിക്കൽപ്പുരയും കാണാം. ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണൻ, ശാസ്താവ്, നാഗദൈവങ്ങൾ, കീഴ്തൃക്കോവിൽ സുബ്രഹ്മണ്യൻ, ഭഗവതി എന്നിവർ കുടികൊള്ളുന്നു. ആദ്യ സങ്കൽപം വിഷ്ണുവായിരുന്നു. വേലായുധൻ എന്നാണ് ഇപ്പോൾ സങ്കൽപമെങ്കിലും മൂർത്തിയെ വിഷ്ണുവായും ശിവനായും സങ്കൽപ്പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തിൽ നടത്താറുണ്ട്. ഇങ്ങനെയുള്ള ഏക ക്ഷേത്രമാണ് ഹരിപ്പാട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ വൃത്താകൃതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞതാണ് ശ്രീകോവിൽ. ക്ഷേത്ര വളപ്പിൽ കൂത്തമ്പലമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ക്ഷേത്രത്തിന് രണ്ടു കുളങ്ങളുണ്ട്.
മയിൽ വാഹനനായ സുബ്രഹ്മണന്റെ പേരിലുള്ള ഈ ക്ഷേത്രത്തിൽ സംരക്ഷിച്ചുവളർ‍ത്തപ്പെട്ടിരിക്കുന്ന മയിലുകൾ ഇവിടെയെത്തുന്നവർക്കൊരു വിശേഷ കാഴ്ചയാണ്.

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

No comments:

Post a Comment