Friday, May 24, 2013

മാവേലിക്കര വേലുക്കുട്ടി നായർ

മാവേലിക്കര വേലുക്കുട്ടി നായർ (1925-2012 ജൂലൈ 24) കേരളത്തിലെ പ്രമുഖ മൃദംഗ വിദ്വാനും പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്നു. കർണാടക സംഗീതരംഗത്ത് വൻ ശിഷ്യസമ്പത്തുള്ള ഇദ്ദേഹം നാലു തലമുറകളിലെ സംഗീതജ്ഞാർക്കായി മൃദംഗം വായിച്ച അപൂർവ്വ കലാകാരനാണ്. കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്‌കാരം ഇദ്ദേഹത്തിനായിരുന്നു. കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം, ചെന്നൈ മ്യൂസിക് അക്കാദമിയുടെ സംഗീത കല ആചാര്യ പുരസ്‌കാരം, ശെമ്മാങ്കുടി ഗോൾഡൻ ജൂബിലി അവാർഡ്, മൃദംഗ കലാശിരോമണി അവാർഡ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം മൃദംഗവിദ്വാൻ പാലക്കാട് മണി അയ്യരുടെ ശിഷ്യനാണ്.
സ്വാതിതിരുനാൾ സംഗീതകോളജ് മൃദംഗം വിഭാഗത്തിലെ ആദ്യ അധ്യാപകനാണ്. ഇദ്ദേഹം തയാറാക്കിയ പാഠ്യപദ്ധതിയാണ് കേരളത്തിലെ എല്ലാ സംഗീത കോളേജുകളിലെയും മൃദംഗ വിഭാഗം ഇന്നും പിന്തുടരുന്നത്.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴതെക്ക് നെടുമ്രത്തു വീട്ടിൽ (വേമ്പനാട്ട് കുടുംബം) മൃദംഗ വിദ്വാൻ മുതുകുളം എസ്. കുമാരപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും എട്ടുമക്കളിൽ ഏഴാമനായാണ് വേലുക്കുട്ടി ജനിച്ചത്. ഏഴാം വയസ്സിൽ അചഛനിൽ നിന്നായിരുന്നു മൃദംഗവാദനത്തിന്റെ ആദ്യ പാഠം അഭ്യസിച്ചത്. 11-ആം വയസുമുതൽ ഇദ്ദേഹം കച്ചേരികളിൽ മൃദംഗം വായിച്ചുതുടങ്ങി. 16-ആം വയസ്സിൽ മൃദംഗ ചക്രവർത്തിയായി അറിയപ്പെട്ടിരുന്ന പാലക്കാട് മണി അയ്യരുടെ ശിഷ്യനായി. 24.7.2012നു കരമന പി.ആർ.എസ്. ആശുപത്രിയിലായിരുന്നു അന്ത്യം.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, കെ.ജെ. യേശുദാസ്, സഞ്ജയ് സുബ്രഹ്മണ്യം തുടങ്ങി പല തലമുറകളിലെ സംഗീതജ്ഞരുടെ കച്ചേരികൾക്ക് വേലുക്കുട്ടി നായരുടെ മൃദംഗം അകമ്പടി സേവിച്ചു. ബാലമുരളീകൃഷ്ണ ആദ്യമായി കേരളത്തിൽ പാടാൻ വന്നപ്പോൾ മൃദംഗം വായിച്ചത് ഇദ്ദേഹമായിരുന്നു. 1959-ൽ, മുപ്പത്തിമൂന്നാം വയസിൽ സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായ ഇദ്ദേഹം ശെമ്മാങ്കുടിയുടെ ആവശ്യപ്രകാരമാണ് മൃദംഗകലയിൽ പാഠ്യപദ്ധതി തയാറാക്കുന്നത്.

ചെമ്പൈ വൈദ്യനാഥ ഭാഗവതർ മുതൽ കെ.ജെ.യേശുദാസ് വരെയുള്ളവരുടെ കച്ചേരികളിൽ ഇദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. നൂറുകണക്കിനു സംഗീത കച്ചേരി അവതരിപ്പിച്ച ഇദ്ദേഹം ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റായിരുന്നു. വായ്പാട്ടിലും വിദഗ്ദനായിരുന്ന വേലുക്കുട്ടി നായർ കച്ചേരികളിൽ പാടിയിട്ടുമുണ്ട്.
തൈക്കാട് സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജ് മൃദംഗ വിഭാഗത്തിലെ ആദ്യ അധ്യാപകനായിരുന്നു അദ്ദേഹം അദ്ദേഹം രൂപപ്പെടുത്തിയ പാഠ്യപദ്ധതിയാണ് കേരളത്തിലെ സംഗീത കോളജുകളിൽ പിന്തുടരുന്നത്.

വളരെയധികം ശിഷ്യസമ്പത്തുള്ള വ്യക്തിയാണ് വേലുക്കുട്ടി നായർ. തിരുവനന്തപുരം വി സുരേന്ദ്രൻ, പാറശാല രവി, ചങ്ങനാശേരി ഹരികുമാർ, ആലപ്പുഴ ചന്ദ്രശേഖരൻ നായർ, വൈക്കം വേണുഗോപാൽ, എം.ബാലസുബ്രഹ്മണ്യൻ, രാജേഷ് നാഥ്, തിരുവനന്തപുരം വി. രവീന്ദ്രൻസ് തുടങ്ങിയ പ്രമുഖ കലാകാരന്മാർ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്.

No comments:

Post a Comment