Sunday, May 26, 2013

ചെട്ടികുളങ്ങര കുംഭഭരണി

ഭക്തിയും വിശ്വാസവും പാട്ടും നൃത്തവും കൃഷിയും സാഹിത്യവും രുചിയുമെല്ലാം ഒത്തുചേരുന്ന ഉത്സവം. ലോകത്തൊരിടത്തും കാണാത്ത വൈവിധ്യങ്ങളാല്‍ സമ്പന്നമായ ആഘോഷം. അതില്‍ നാടിനും നാട്ടാര്‍ക്കും ഒരേപോലെ പ്രാതിനിധ്യം. ഓണാട്ടുകരയിലെ ഉത്സവങ്ങളുടെ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിയാണ് ഇത്തരം സവിശേഷതകളാല്‍ നിറയുന്നത്.
സാഹിത്യഭംഗി നിറഞ്ഞ പാട്ടുകളാണ് കുത്തിയോട്ടത്തിന്റേത്. ഓണാട്ടുകരയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേക താളത്തില്‍ കുത്തിയോട്ടപ്പാട്ടുകള്‍ പാടി പൊലിപ്പിക്കാന്‍ കഴിവുള്ള നൂറുകണക്കിന് ഗായകരാണ് ഓണാട്ടുകരയിലുള്ളത്. കുത്തിയോട്ടം കഴിയുമ്പോള്‍ പാട്ട് മാറ്റിവെച്ച് അവര്‍ സ്വന്തം ജോലിക്കിറങ്ങും. കളമെഴുതാനും കുത്തിയോട്ടക്കളരിയില്‍ ദേവിക്കായി ശ്രീകോവിലൊരുക്കാനായും നൂറുകണക്കിന് കലാകാരന്മാര്‍ ജോലി ചെയ്യും. ഉത്സവകാലത്തിനായി മാത്രം ശില്‍പ്പികളാകുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും.
ചെട്ടികുളങ്ങര കരകളില്‍ കുത്തിയോട്ടച്ചുവട് പഠിപ്പിക്കുന്ന കളരികള്‍ ഒട്ടേറെയാണ്. പഠനത്തിന്റെ ഇടനേരങ്ങളില്‍ ഇവിടെ പഠിക്കുന്ന കുട്ടികളാണ് കുത്തിയോട്ടം വഴിപാട് നടത്തുന്നിടത്ത് ചുവട് വെയ്ക്കുന്നത്.

കെട്ടുകാഴ്ചകളുടെ ഒരുക്കത്തിന് തച്ചുശാസ്ത്ര വിദഗ്ദ്ധരെക്കാള്‍ കൈ തഴക്കമുള്ള കരക്കാരുണ്ട്. അവരുടെ മനക്കണക്കില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തേരും കുതിരയും നാട്ടുവഴികളിലെ കുണ്ടും കുഴിയും താണ്ടി, അമ്പലനടയിലെത്തും. തടി ചക്രത്തിന് മീതെ, ആടിയുലഞ്ഞ് വരുന്ന കെട്ടുകാഴ്ചകളുടെ കരുത്ത് കരക്കാരുടെ കൂട്ടായ്മയാണ്. ജാതിമത ഭേദമില്ലാതെ കരക്കാര്‍ തോളോടുതോള്‍ ചേര്‍ന്ന് കെട്ടുകാഴ്ചകള്‍ തള്ളി നീക്കുമ്പോള്‍ അവര്‍ക്കിടയിലെ ഭിന്നതകളെല്ലാം അലിഞ്ഞുപോകും.

കൃഷി ജീവിതമായി കാണുന്ന ഓണാട്ടുകരയിലെ ഉത്സവത്തിന് കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ഭരണിച്ചന്തയിലൂടെ മനസ്സിലാക്കാം. ചേമ്പും കാച്ചിലും ഉള്‍പ്പെടെയുള്ള നടീല്‍ വിഭവങ്ങളും കലപ്പയും കപ്പിയും കയറുമെല്ലാം ഇവിടെ കിട്ടുമായിരുന്നു.
കൊഞ്ചും മാങ്ങയും ഓണാട്ടുകരയുടെ രുചിക്കൂട്ടില്‍ ഒന്നാമത് നില്‍ക്കുന്നതാണ്. കുംഭഭരണിയുമായി കൂട്ടിയിണക്കിയതിനാല്‍ ഈ വിഭവത്തിന് ഭക്തിയുടെ രുചി കൂടിയുണ്ട്.
എല്ലാറ്റിനും മീതെ ഭക്തിയുടെ സ്വര്‍ണ്ണനൂലുകളാല്‍ ബന്ധിപ്പിക്കുന്ന സാന്നിധ്യമായി ഭക്തമനസുകളില്‍ ചെട്ടികുളങ്ങര ഭഗവതിയും കുടികൊള്ളുന്നു. എല്ലാം കൂടിച്ചേരുമ്പോള്‍, സമാനതകളില്ലാത്ത ഉത്സവമായി ചെട്ടികുളങ്ങര കുംഭഭരണി.

1 comment:

  1. നിരാശയുടെ ആശാകേന്ദ്രം💯

    ReplyDelete