Thursday, May 9, 2013

പുതുപ്പള്ളി രാഘവന്‍

പുതുപ്പള്ളി രാഘവന്‍. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിക്കുകയും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഹൃദയവേദനയോടെ സജീവ പ്രവര്‍ത്തനത്തില്‍നിന്നു നിഷ്‌ക്രമിക്കുകയും ചെയ്ത, പത്രഭാഷയില്‍ പറഞ്ഞാല്‍, 'ഒരു ആദ്യകാല കമ്യൂണിസ്റ്റ് നേതാവ്'.

പുതുപ്പള്ളി രാഘവന്‍. 1910 ജനുവരി പത്തിനു ജനിച്ച് പതിനാലാം വയസ്സില്‍ സ്വാതന്ത്ര്യസമരസേനാനിയായി ഇരുപത്തിയൊന്നാം വയസ്സില്‍ ജയില്‍ വാസം അനുഭവിക്കുകയും പിന്നീട് ഗാന്ധിജിയുടെ വാര്‍ദ്ധാ ആശ്രമത്തില്‍ അന്തേവാസിയാകുകയും അക്കാലത്തെ ഇന്ത്യ ചുറ്റി സഞ്ചരിച്ചു നേരില്‍ക്കാണുകയും നാട്ടില്‍ തിരിച്ചെത്തി സ്‌റ്റേറ്റ് കോണ്‍ഗ്രസിലും 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായി മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്തയാള്‍. ശൂരനാട്ട് നാലു പോലീസുകാര്‍ നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായി 1950ല്‍ അറസ്റ്റിലായി. ലോക്കപ്പില്‍ മൃഗീയ മര്‍ദ്ദനത്തിന് ഇരയായി. അറുപത്തിനാലില്‍ പാര്‍ട്ടി പിളര്‍ന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി. പിന്നീട് മരണം വരെ, എഴുത്തിന്റെ ലോകത്ത് ഒതുങ്ങിക്കൂടി. ഒരു മരമായിരുന്നെങ്കില്‍ ഉണങ്ങിപ്പോകുമായിരുന്നത്ര ഇടി പൊലീസ് ലോക്കപ്പില്‍ വച്ചു സഹിച്ച അദ്ദേഹം പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഒരു പഞ്ചായത്തു മെംബര്‍ പോലുമായില്ല. അധികാരത്തിന്റെ വടക്കേപ്പുറത്തൊന്നും അദ്ദേഹത്തെ ആരും കണ്ടില്ല. മക്കള്‍ക്കു ഫീസ് കൊടുക്കാന്‍ വേണ്ടി അദ്ദേഹം പുസ്തകങ്ങളെഴുതി. നിസ്സാരവിലയ്ക്ക് കോപ്പിറൈറ്റ് വിറ്റു. ആ വീട്ടിലെത്തുന്നവരെയെല്ലാം ഹൃദയം നിറഞ്ഞ ആഹ്ലാദത്തോടെ സ്വീകരിച്ചു. എത്ര പറഞ്ഞാലും മതിയാകാത്ത ഓര്‍മകള്‍ പങ്കുവച്ചു. രണ്ടായിരാമാണ്ട് ഏപ്രില്‍ ഇരുപത്തേഴിന് മരണമടഞ്ഞു. 

No comments:

Post a Comment